കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തിനു കാരണം അതിര്‍ത്തിമേഖലയില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് നേപ്പാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ. പ്രളയത്തിനു കാരണം മനഃപൂര്‍വം സൃഷ്ടിച്ച ഒരു പരിസ്ഥിതി ദുരന്തമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ‘നേപ്പാള്‍ കറസ്പോണ്ടന്‍സ്’ എന്ന ‘എക്സ്’ഹാന്‍ഡില്‍ ആരോപിച്ചു.
ഹിമാനികളുടെ ഉയരങ്ങളില്‍ ചൈന നിര്‍മിക്കുന്ന ‘ഷിയാവോകാങ്’ഗ്രാമങ്ങളും ഗൈറോങ് നഗരവുമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുന്നുകള്‍ ഇടിച്ചുനിരത്തിയും ത്രിശൂലി നദിയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയുമാണ് ഗൈറോങ് നഗരം നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ അതീവലോലമായ പരിസ്ഥിതി തകര്‍ത്തതു കാരണം ഹിമപാതങ്ങള്‍ ഉണ്ടാകുകയും അത് നേപ്പാളില്‍ വലിയതോതിലുള്ള മിന്നല്‍പ്രളയത്തിനും ആള്‍നാശത്തിനും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നുവെന്ന് എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കൂടാതെ, റസുവ അതിര്‍ത്തിയില്‍ നദികളുടെ സംഗമസ്ഥാനത്ത് നിര്‍മിച്ചിരിക്കുന്ന ഗൈറോങ് തുറമുഖം നേപ്പാള്‍ പ്രദേശത്തേക്ക് നദിയുടെ ഒഴുക്കിന്റെ വേഗം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇത് തികച്ചും ക്രൂരമായ പ്രവൃത്തിയാണെന്നും മാധ്യമ കൂട്ടായ്മ ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
30 രാജ്യങ്ങളിൽനിന്നുള്ള 517 വിദേശികളെ കാണാനില്ല
കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിൽ വൻ നാശം വിതച്ച മിന്നൽപ്രളയത്തിന് 24 മണിക്കൂറിനു ശേഷവും 517 വിദേശ വിനോദസഞ്ചാരികളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു.
കാണാതായവരിൽ 178 പേർ ഇന്ത്യക്കാരാണ്. കൂടാതെ അമേരിക്കയിൽനിന്നുള്ള 65 പേരും യുക്രെയ്നിൽനിന്നുള്ള 53 പേരും മലേഷ്യയിൽനിന്നുള്ള 51 പേരും ഉൾപ്പെടുന്നു. ഓസ്ട്രേലിയയിൽനിന്നുള്ള 35 പേർ, ബ്രിട്ടനിൽനിന്നുള്ള 33 പേർ, കാനഡയിൽനിന്നുള്ള 25 പേർ എന്നിവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.ഇവർക്കു പുറമേ സിംഗപ്പൂരിൽനിന്നുള്ള ഒമ്പത് പേരും ജർമനി, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള എട്ടുപേർ വീതവും കാണാതായവരുടെ പട്ടികയിലുണ്ട്. മേഖലയിൽ തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
ഗിരി ലാൽ, ലിപ... ജലംകൊണ്ട് മുറിവേറ്റവർ
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയം ഗിരി ലാലിന്റെ പ്രാണന്റെ നേർപാതിയായ കുടുംബത്തെ അപ്പാടെ പറിച്ചെടുത്താണു പാഞ്ഞുപോയത്. വെള്ളപ്പൊക്കത്തിൽ ഗിരി ലാലിനു നഷ്ടമായത് ഭാര്യയെയും നാലു മക്കളെയുമാണ്.
മലവെള്ളപ്പാച്ചിലിൽ ജീവൻ തിരിച്ചുകിട്ടിയ ട്രക്ക് ഡ്രൈവറായ ഗിരി ലാൽ (38) കാഠ്മണ്ഡുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗിരി ലാലിനെപ്പോലെ ജീവനും ജീവിതവും നഷ്ടപ്പെട്ട നൂറുകണക്കിനാളുകളാണുള്ളത്.
കാണാതായ സഹോദരൻ സാബിയുടെ ചിത്രവുമായി ഭരത്പുർ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്നിൽ നിൽക്കുന്ന ലിപ സപകോട്ട മറ്റൊരു കണ്ണീർ ചിത്രമാണ്. കടന്നുപോകുന്ന ഒാരോരുത്തരോടും ചിത്രംകാട്ടി സാബിനെ കണ്ടോയെന്ന് ലിപ തിരക്കിക്കൊണ്ടിരുന്നു. ഇവിടെ ഏതാനും മൃതദേഹങ്ങൾ എത്തിച്ചിട്ടുണ്ട്. എന്നാൽ ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നു ലിപ പറയുന്നു.
ടിബറ്റിൽ കാണാതായത് 360 പേരെ; 260ഉം വിദേശികൾ
ലാസ: നേപ്പാളിനൊപ്പം പ്രളയം നേരിട്ട ചൈനീസ് അതിർത്തി പട്ടണമായ ഗൈറോംഗിൽ കാണാതായത് 360 പേരെ. ഇതിൽ 260 പേർ വിദേശികളാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ടിബറ്റൻ മേഖലയിൽ നേപ്പാൾ അതിർത്തിയോടു ചേർന്ന ഗൈറോംഗിൽ മൂന്നു പേരുടെ മരണമേ സ്ഥീകരിച്ചിട്ടുള്ളൂ.
തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാളുമായി ആശയവിനിമയം നടത്തി. സഹകരിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു. കാണാതായവർ ഏതു രാജ്യക്കാരാണ് അദ്ദേഹം വ്യക്തമാക്കിയില്ല.
ചൈനയ്ക്കെതിരേ ആരോപണം മുന്നറിയിപ്പ് നല്‍കിയില്ല
നേപ്പാളിലെ പ്രളയദുരന്തത്തില്‍ ചൈന മുന്നറിയിപ്പ് നല്‍കാതിരുന്നതിനെച്ചൊല്ലി വിവാദം. ചൈന നേപ്പാളിന് യാതൊരുവിധ മുന്‍കൂര്‍ മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്ന് കാഠ്മണ്ഡു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്ത്തകന് പരശുറാം കാഫ്ലെ ആരോപിച്ചു. അയല്‍രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകള്‍ നേപ്പാള്‍ പരിഗണിക്കാറുണ്ടെങ്കിലും ഇത്രയും വലിയൊരു ദുരന്തത്തിനു മുന്നോടിയായി മുന്നറിയിപ്പ് നല്‍കാതിരുന്നതിലൂടെ അയല്‍രാജ്യം വഞ്ചിച്ചുവെന്നും ഇത് വന്‍ മനുഷ്യജീവഹാനിക്കു കാരണമായെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
‘വ്യാജവാര്‍ത്ത’യെന്ന് ചൈന
ബെയ്ജിംഗ്: ഹിമാലയന്‍ അതിര്‍ത്തി മേഖലയില്‍ വന്‍ നാശമുണ്ടാക്കിയ മിന്നല്‍പ്രളയത്തിനു കാരണം ചൈനീസ് ഭാഗത്തെ പ്രകൃതിദുരന്ത അണക്കെട്ട് തകര്‍ന്നതാണെന്ന നേപ്പാളിന്റെ ആരോപണം തള്ളി ചൈന. നേപ്പാളിന്റെ ഈ വാദം പൂര്‍ണമായും ‘വ്യാജവാര്‍ത്ത’യാണെന്ന് ചൈന വ്യക്തമാക്കി.
ദുരന്തത്തിനു മുന്നോടിയായി ചൈന മുന്നറിയിപ്പ് നല്‍കിയില്ലെന്ന വാര്‍ത്തകളും നേപ്പാളിലെ ചൈനീസ് എംബസി നിഷേധിച്ചു.